തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ, കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്. കുടിയൊഴിപ്പിക്കലിനിടെ ഭാര്യയെ ചേർത്ത് പിടിച്ച്, പെട്രോൾ ഒഴിച്ച് രാജൻ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പോലീസ് ലൈറ്റർ തട്ടി മാറ്റിയപ്പോഴാണ് തീ പടർന്നതെന്ന് രാജൻ മൊഴി നൽകിയിട്ടുണ്ട്. മരിക്കാനുദ്ദേശിച്ചല്ല, കുടിയൊഴിപ്പിക്കലിന് വന്നവരെ സമ്മർദ്ദത്തിലാക്കാൻ വേണ്ടിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും ഇയാൾ പറഞ്ഞിരുന്നു. അന്പതുശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കഴിയവേയാണ് മരണം. ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി ചികിത്സയിൽ തുടരുകയാണ്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. തൊട്ടടുത്ത അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന് കയ്യേറിയതായി കാണിച്ച് കേസ് നൽകിയിരുന്നു. ഇതിൽ നെയ്യാറ്റിൻകര മുൻസിഫ് കോടതി അവർക്കനുകൂലമായി വിധി പുറപ്പെടുവിച്ചു. ഈ വിധി പ്രകാരം രാജനെ കുടിയൊഴിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd