ന്യൂ ഡൽഹി :സുപ്രീം കോടതി രൂപീകരിച്ച വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് സമരം ചെയ്യുന്ന കർഷക സംഘടനകൾ. കമ്മിറ്റിയിലെ നാലംഗങ്ങളും സർക്കാരിനെ പിന്തുണച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളവരാണെന്നും ഇവരിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. കമ്മിറ്റി രൂപീകരിക്കണമെന്ന് തങ്ങളാരും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടില്ല. സർക്കാരാണ് ഇതിനു പിന്നിൽ. 26 ആം തീയതിയിൽ നിശ്ചയിച്ചിരിക്കുന്ന ട്രാക്ടർ റാലിയുമായി മുന്നോട്ടു പോകും. സമാധാനപരമായിരിക്കും റാലി എന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. തങ്ങളുടെ സമരം അനിശ്ചിതകാലത്തേയ്ക്കാണെന്നും അവർ വ്യക്തമാക്കി. 15 ആം തീയതി സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് പറഞ്ഞ നേതാക്കൾ, നിയമങ്ങൾ സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്തു. ഇതിനിടെ സുപ്രീം കോടതി രൂപീകരിച്ച കമ്മിറ്റിക്കെതിരെ വിമർശനവുമായി കോൺഗ്രസ്സ് രംഗത്തുവന്നു. കമ്മിറ്റിയിലെ ഒരംഗം ഹർജിക്കാരൻ തന്നെയാണെന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സിങ് സുർജേവാല ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ തന്നെ സ്വതന്ത്ര സമിതിയിൽ എങ്ങനെ അംഗമാകുമെന്നും ആരാണ് ചീഫ് ജസ്റ്റിസിന് ഈ പേരുകൾ നൽകിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd