ന്യൂ ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ ശരിയായ കൂടിയാലോചനകൾക്കും വിദഗ്ധാഭിപ്രായങ്ങൾക്കും ശേഷമാണ് അവതരിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വിവരാവകാശ നിയമമനുസരിച്ചുള്ള അന്വേഷണത്തിന് നിഷേധാത്മക നിലപാട്. ഇത് സംബന്ധിച്ച വിവരാവകാശ അന്വേഷണത്തിന്, വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അതിനാൽത്തന്നെ ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് കൃഷി മന്ത്രാലയം മറുപടി നൽകിയിരിക്കുന്നത്. ഇതിനു മുൻപ്, ഈ വിഷയത്തിൽ റെക്കോർഡുകളൊന്നും സൂക്ഷിക്കുന്നില്ലെന്നായിരുന്നു കൃഷി മന്ത്രാലയം മന്ത്രാലയം മറുപടി നൽകിയിരുന്നത്. വിവരാവകാശ പ്രവർത്തകയായ അഞ്ജലി ഭരദ്വാജ് ഡിസംബർ 11 ആം തീയതിയാണ് അപേക്ഷ സമർപ്പിച്ചത്. ഇത് സംബന്ധിച്ച റെക്കോര്ഡുകളൊന്നുമില്ലെന്ന് രണ്ടു തവണ അവർക്ക് മന്ത്രാലയം മറുപടി നൽകി. അതേ സമയം, വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോൾ, കൂടിയാലോചനകൾ കൂടാതെയാണ് നിയമങ്ങൾ പാസ്സാക്കിയതെന്നാണ് കർഷക സംഘടനകൾ തെറ്റിദ്ധരിച്ചിരിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിനു ശേഷം വീണ്ടും നൽകിയ മറുപടിയിലാണ്, വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 8 -1 (b) പ്രകാരം, വിവിധ കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഇത് വെളിപ്പെടുത്താനാകില്ലെന്ന നിലപാട് സ്വീകരിച്ചത്. കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് കാട്ടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച സർക്കാർ അതിന്റെ വിശദശാംശങ്ങൾ വെളിപ്പെടുത്താത്തത് ദുരൂഹവും നിർഭാഗ്യകരവുമാണെന്ന് അഞ്ജലി ഭരദ്വാജ് പ്രതികരിച്ചു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd