ന്യൂ ഡൽഹി : കാർഷിക നിയമ ഭേദഗതികൾ നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് ബിജെപിയുടെ രാജ്യസഭാ അംഗമായ സുബ്രമണ്യൻ സ്വാമി പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചിട്ടുള്ളത്. നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ നേട്ടം കൈവരുമെന്നു പ്രതീക്ഷിക്കുന്ന ഒരു വിഭാഗത്തിന് അത് നഷ്ടമാകാൻ ഇടവരരുത്. അതേ സമയം, പഞ്ചാബിനെ പോലെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ നിയമം വേണ്ട എന്ന നിലപാടിലാണ്. താനും നിയമങ്ങൾക്കനുകൂലമായി രാജ്യസഭയിൽ വോട്ടു ചെയ്തയാളാണെന്നും, എങ്കിലും കർഷക പ്രതിഷേധം 70 ദിവസം പിന്നിടുന്ന ഈ അവസരത്തിൽ എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണേണ്ടത് ആണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. താങ്ങു വില സമ്പ്രദായം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്നും മറ്റു മേഖലകളിൽ വൻ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കാര്‍ഷികമേഖലയിൽനിന്ന് ഒഴിവാക്കണം എന്നും തുടങ്ങിയ നിർദ്ദേശങ്ങൾ സ്വാമിയുടെ കത്തിലുണ്ട്. ഇത്രയധികം ജനങ്ങൾ മാസങ്ങളായി സമാധാനപരമായി സമരം ചെയ്യുമ്പോൾ അതിനിടയിൽ ചില അക്രമങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd