തിരുവനന്തപുരം : പി എസ് സി റാങ്ക് ഹോൾഡേഴ്സ്, സെക്രട്ടറിയേറ്റ് നടയിൽ നടത്തി വരുന്ന സമരം അവസാനിപ്പിക്കാൻ ഡി വൈ എഫ് ഐ മുൻകൈ എടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബാഹ്യ ഇടപെടലാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതൃത്വം ആരോപിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റേയും പ്രസിഡന്റ് സതീഷിന്റേയും അധ്യക്ഷതയിലായിരുന്നു ഇന്നലെ രാത്രി നടന്ന ചർച്ച. സമരത്തെയും സമരക്കാരെയും തള്ളിപ്പറഞ്ഞിരുന്ന സർക്കാർ ഇന്നലെ രാത്രി അപ്രതീക്ഷിതമായാണ് ചർച്ചയ്ക്ക് തയ്യാറായത്. തങ്ങളുടെ ആവശ്യം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. അതേ സമയം,ഉദ്യോഗാർഥികൾ ഉന്നയിച്ച ചില കാര്യങ്ങൾ അപ്രായോഗികമായിരുന്നുവെന്ന് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യത്തിൽ ഉദ്യോഗാർത്ഥികൾ ഉറച്ചു നിന്നതോടെയാണ് ചർച്ച അലസിയത്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നിലും ഉറപ്പു നൽകിയില്ലെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. സമരം രാഷ്ട്രീയപ്രേരിതമല്ലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd