ന്യൂ ഡൽഹി : Rashtriya Kamdhenu Aayog (RKA) അധ്യക്ഷൻ വല്ലഭായി കതിരിയ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ, ഈ മാസം 25 ആം തീയതി നടത്താനിരുന്ന കാമധേനു പശു വിജ്ഞാന പരീക്ഷ മാറ്റിവച്ചു. പരീക്ഷ മാറ്റിവച്ചതായി RKA വെബ് സൈറ്റിൽ അറിയിപ്പുണ്ടെങ്കിലും അതിന്റെ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. തന്റെ രണ്ടു വർഷത്തെ കാലാവധിക്ക് ശേഷം ഫെബ്രുവരി 20 ആം തീയതിയാണ് കതിരിയ സ്ഥാനമൊഴിഞ്ഞത്. 2019 ഫെബ്രുവരി ഒന്നാം തീയതിയാണ് പശു ശാസ്ത്ര ഗവേഷണത്തിനും സംരക്ഷണത്തിനുമായി കേന്ദ്ര സർക്കാർ കാമധേനു ആയോഗ് രൂപീകരിച്ചത്. അധ്യക്ഷ സ്ഥാനത്ത് കതിരിയയെയും കൂടാതെ അംഗങ്ങളായി മറ്റു രണ്ടുപേരെയും നിയമിച്ചു. ഇവരുടെയും കാലാവധി കഴിഞ്ഞിരിക്കുകയാണ് പശു എന്നാൽ മൊത്തം ശാസ്ത്രമാണെന്നായിരുന്നു കതിരിയയുടെ അഭിപ്രായം. അഞ്ച് ട്രില്യൺ സമ്പത് വ്യവസ്ഥ ഉണ്ടാകണമെങ്കിൽ, അത് പശുക്കളെക്കൂടാതെ സാദ്ധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പരീക്ഷയ്ക്കായി 54 പേജുള്ള റഫറൻസ് പുസ്തകവും കാതിരിയ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ പശുക്കൾ വിശേഷ ബുദ്ധിയുള്ളവരാണെന്നും അതിനാൽത്തന്നെ വിദേശ പശുക്കളെക്കാൾ കേമമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഭൂമികുലുക്കവും ഭോപാൽ വാതക ദുരന്തവും പോലുള്ളവ പശുകോപത്താൽ ഉണ്ടാവുന്നതാണെന്നു പോലും പുസ്തകം പറയുന്നു. എന്തായാലൂം പ്രതിഷേധത്തെ തുടർന്ന് റഫറൻസ് പുസ്തകം RKA യുടെ വെബ് സൈറ്റിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. അഞ്ചു ലക്ഷത്തിലധികം പേരാണ് ഓൺലൈൻ പശു പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd