വിശാഖപട്ടണം : ആന്ധ്രാ പ്രദേശിൽ തീൻമേശയിലെ പുതിയ ട്രെൻഡ് ആയി കഴുതയിറച്ചി. ആന്ധ്രയിലെ പശ്ചിമ ഗോദാവരി, കൃഷ്ണ, പ്രകാശം, ഗുണ്ടുർ ജില്ലകളിൽ, ഇറച്ചിക്കായി കഴുതകളെ കശാപ്പുചെയ്യുന്നത്, അടുത്ത കാലത്തായി കൂടി വരുന്നതായാണ് റിപ്പോർട്ട്. കഴുതയെ, ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കശാപ്പു മൃഗമായി നിയമം അംഗീകരിക്കുന്നില്ല. ഇറച്ചിക്കായി കഴുതയെ കശാപ്പു ചെയ്യുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. അതിനാൽത്തന്നെ രഹസ്യമായാണ് കശാപ്പു നടക്കുന്നത്. കഴുതയുടെ ഇറച്ചി വലിയ ഊർജ്ജവും ഓജസ്സും തരുന്നുഎന്നും ആസ്ത്മ പോലുള്ള രോഗം ശമിപ്പിക്കുന്നു എന്നും വിശ്വസിക്കുന്നവർ വലിയ വില കൊടുത്തതാണ് ഇത് വാങ്ങുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രിയം കൂടിയതോടെ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നും അനധികൃതമായി ആന്ധ്രയിലേക്ക് കഴുതകളെ കടത്തിക്കൊണ്ടു പോകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനായി പല ക്രിമിനൽ സംഘങ്ങളും പ്രവർത്തിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതെ സമയം, കഴുതയിറച്ചിയെപ്പറ്റി ചിലരുടെ ഇടയിൽ പടർന്നിട്ടുള്ള തെറ്റായ ധാരണയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും കശാപ്പ് തടയാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd