'സാഗർ' ചുഴലിക്കാറ്റ് കേരളത്തിലേക്കും എത്തുന്നു; ഇന്ത്യൻ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം.

തിരുവനന്തപുരം: ഗൾഫ് മേഖലയിൽ ആരംഭിച്ച സാഗർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരങ്ങളിലേക്ക് അടുക്കുന്നതായി റിപ്പോർട്ട്. കേരളം, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70-80 വേഗത പ്രവചിച്ചിട്ടുള്ള കാറ്റ് 90 കിലോമീറ്റര്‍ വരെ വേഗത പ്രാപിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഗൾഫ് ഓഫ് ഏദൻ തീരത്താണ് കൊടുങ്കാറ്റ് രൂപപ്പെട്ടത്. ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും, അറബിക്കടലിൻറെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലും ഇറങ്ങുന്നത് വിലക്കി. കടൽ പ്രക്ഷുബ്ധമായതിനാൽ അടുത്ത 48 മണിക്കൂറിൽ മൽസ്യബന്ധന തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് സംസ്ഥാനം ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. ജില്ലാ ഭരണകൂടങ്ങൾക്കും ജാഗ്രതാനിർദേശം നൽകിക്കഴിഞ്ഞു. മുന്നറിയിപ്പ് നൽകിയ സംസ്ഥാന സർക്കാരുകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Author: KV