ന്യൂ ഡൽഹി : പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ കനത്ത നാശം വരുത്തിയതായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത് സ്ഥിരീകരിച്ചു. കുപ്വാര മേഖലയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യയുടെ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. മറ്റു മൂന്നു പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സൈന്യം തിരിച്ചടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിൽ 3 ഭീകര ക്യാമ്പുകൾ തകർത്തതായും 6 മുതൽ 10 വരെ പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ദീപാവലിയോടടുത്ത സമയമായതിനാൽ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഭീകരർ നടത്തുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ഇക്കാര്യം നിഷേധിച്ചു. ഇന്ത്യ പ്രകോപനമൊന്നുമില്ലാതെ വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്നാരോപിച്ച്, ഇന്ത്യയുടെ ആക്ടിങ് ഹൈ കമ്മീഷണർ ഗൗരവ് ആലുവാലിയയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധമറിയിച്ചു. രണ്ട് ഇന്ത്യൻ ബങ്കറുകൾ നശിപ്പിച്ചതായും 9 സൈനികരെ വധിച്ചതായും പാകിസ്ഥാനും അവകാശവാദമുന്നയിച്ചു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd