വാരാണസി : വായു മലിനീകരണത്തിൽ നിന്ന് ദൈവങ്ങൾക്കും രക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ വായു മലിനീകരണം ക്രമാതീതമായി ഉയർന്നതോടെ, ദൈവങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഭക്തർ. ഇതിന്റെ ഭാഗമായി, സിഗ്രയിലെ ശിവ പാർവതി ക്ഷേത്രത്തിൽ, ശിവൻറെയും പാർവ്വതിയുടെയും കാളിയുടെയും സായി ബാബയുടെയും വിഗ്രഹങ്ങളിൽ മാസ്ക് ധരിപ്പിച്ചു. വാരാണസി പുണ്യ നഗരമാണെന്നും ഇവിടെ വിഗ്രഹങ്ങളെ ജീവനുള്ളതുപോലെയാണ് പരിപാലിക്കുന്നതെന്നുമാണ് ക്ഷേത്രത്തിലെ പൂജാരി ഹരീഷ് മിശ്ര പറയുന്നത്. വേനൽ കാലത്ത് തണുപ്പ് കിട്ടാൻ വേണ്ടി വിഗ്രഹങ്ങളിൽ ചന്ദനം ചാർത്താറുണ്ടെന്നും തണുപ്പ് കാലത്ത് കമ്പിളി പുതപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാളിയുടെ മുഖം മാസ്ക് വച്ച് മറയ്ക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും നാക്ക് പുറത്തേക്കു നീട്ടിയ രീതിയിലായതിനാൽ പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ദീപാവലിക്ക് ശേഷം മലിനീകരണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം തുറസ്സായ സ്ഥലത്ത് മാലിന്യങ്ങൾ കത്തിക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാർ സ്ഥിതിഗതികൾ ഗുരുതരമാക്കിയിട്ടുണ്ട്. തങ്ങളുടെ ദൈവങ്ങൾ പോലും മുഖം മറച്ചിരിക്കുന്നത് കാണുന്ന ഭക്തർ വായു മലിനീകരണത്തിനെതിരെ ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇപ്പോൾ ചിന്തിച്ചു തുടങ്ങിയെന്നും മിശ്ര അവകാശപ്പെട്ടു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd