ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്തെ വീർപ്പു മുട്ടിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം നേരിടുന്ന കാര്യത്തെപ്പറ്റി ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത പാർലമെന്റിന്റെ ഉന്നതാധികാര സമിതിയുടെ യോഗത്തിൽനിന്ന് ഭൂരിപക്ഷം എം പി മാരും വിട്ടുനിന്നു. 29 എംപി മാർ അംഗങ്ങളായതിൽ വെറും നാല് പേരും ചില ഉദ്യോഗസ്ഥരും മാത്രമാണ് യോഗത്തിനെത്തിയത്. സുപ്രീം കോടതിപോലും വളരെ ഗൗരവമായി കണ്ട വിഷയത്തെ, തികഞ്ഞ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്ത എം പി മാരുടെ കാര്യം ലോക്സഭാ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്. സമിതിയിൽ അംഗമായ ഡൽഹിയിൽ നിന്നുള്ള ഏക എം പി, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും യോഗത്തിനെത്തിയില്ല. ഗംഭീർ, ഇപ്പോൾ ഇൻഡോറിൽ ഇന്ത്യ - ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിൽ കമന്റേറ്ററാകാൻ പോയിരിക്കുകയാണ്. ഡൽഹിയിലെ വായു മലിനീകരണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ ട്വിറ്ററിൽ ഗംഭീർ ഇട്ടിരുന്നു. പരിസ്ഥിതി വകുപ്പ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ഡൽഹിയിലെ മൂന്നു മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിനിധികൾ, ഡൽഹി വികസന അതോറിറ്റി പ്രതിനിധി എന്നിവരും മഥുരയിലെ എം പി ഹേമ മാലിനിയും യോഗത്തിനെത്താത്തവരിൽപ്പെടുന്നു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd