ന്യൂ ഡൽഹി : നിരന്തരമായ ആവശ്യത്തിനൊടുവിൽ, ഇടതുപക്ഷത്തെ മൂന്ന് എം പി മാർക്ക് അടുത്തയാഴ്ച ജമ്മു കശ്മീർ സന്ദർശനം നടത്താൻ ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് അനുവാദം നൽകി. ശ്രീനഗറിലുള്ള സിപിഎം നേതാവ് യുസഫ് തരിഗാമിയെ സന്ദർശിക്കാനാണ് അനുവാദം. ഇതനുസരിച്ച്, എം പി മാരായ എളമരം കരിം, ബിനോയ് വിശ്വം, ടി കെ രംഗരാജൻ എന്നിവർ അടുത്തയാഴ്ച കശ്മീർ സന്ദർശിക്കും. തടവിലുള്ള മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയെയും ഒമർ അബ്ദുള്ളയെയും സന്ദർശിക്കണമെന്ന അവരുടെ ആവശ്യത്തിൽ വ്യക്തമായ ഉത്തരം സർക്കാർ നൽകിയിട്ടില്ല. ജയിൽ മാനുവൽ പ്രകാരം, ശ്രീനഗർ മജിസ്ട്രേറ്റ് ആണ്, സന്ദർശനാനുമതി നൽകേണ്ടത് എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 27 എം പി മാർ കാശ്മീരിൽ സന്ദർശനം നടത്തിയതിനു പിന്നാലെ പാർലമെന്റിലും എംപി മാർ ജമ്മു കശ്മീർ സന്ദർശനത്തിനായി അനുമതി ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷ നേതാക്കളായ, രാഹുൽ ഗാന്ധി, സീതാറാം യച്ചൂരി, ശരദ് യാദവ്, ഡി രാജ, ഗുലാം നബി ആസാദ് എന്നിവരും കശ്മീർ സന്ദർശിക്കാൻ അനുമതി തേടിയിരുന്നെങ്കിലും അത് നിഷേധിക്കപെടുകയായിരുന്നു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd