കണ്ണൂർ : വാനിലെത്തിയ സംഘം ലോട്ടറി ടിക്കറ്റും പണവും കവർച്ച ചെയ്തു എന്ന പരാതി നൽകിയിരുന്ന ലോട്ടറി വിൽപ്പനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. കൂത്തുപറമ്പ് മാങ്ങാട്ടിടം ദേശബന്ധുവിലെ 'മലര്‍വാടിയില്‍' യു.സതീശനെ(59)യാണ് ബുധനാഴ്ച രാവിലെ കാനത്തുംചിറയിലെ സഹോദരന്റെ വീടിനുസമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 26ന് പുലർച്ചെ വാനിലെത്തിയ സംഘം തന്നെ ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുത്തതായി സതീശൻ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം സതീശൻ ലോട്ടറി വിൽപ്പന നടത്തിയിരുന്നില്ല. കൂത്തുപറമ്പിലേക്ക് വരുന്നതിനിടെ പിന്നില്‍നിന്നെത്തിയ സംഘം ലോട്ടറിയുണ്ടോയെന്ന് ചോദിച്ച് കണ്ണില്‍ സ്പ്രേയടിച്ച് ബാഗ് തട്ടിയെടുത്ത് വാഹനത്തില്‍ കടന്നുകളഞ്ഞതായാണ് പരാതി. ഇതിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. എന്നാൽ സതീശന്റെ മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നതായി കേസന്വേഷണം നടത്തുന്ന കൂത്തുപറമ്പ് സി ഐ , എം പി ആസാദ് പറഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും സതീശന് ഹാജരായില്ലെന്നും പോലീസ് പറഞ്ഞു. കവർച്ച നടത്തി എന്ന് ആരോപിക്കപ്പെടുന്ന വാൻ അതുവഴി കടന്നുപോയതായി സി സി ടി വി ദൃശ്യങ്ങളിലും സ്ഥാപിക്കാനായിട്ടില്ല. അതേ സമയം, സംഭവത്തിന് ശേഷം സതീശൻ ദുഖിതനായിരുന്നു എന്നും ആത്മഹത്യ ചെയ്യാൻ മറ്റു കരണങ്ങളൊന്നുമില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd