ന്യൂ ഡൽഹി : അഗസ്റ്റാ വെസ്റ്റ്ലാൻഡ് വി വി ഐ പി ഹെലിക്കോപ്റ്റർ ഇടപാടിലെ അഴിമതി ആരോപണത്തിൽ അറസ്റ്റിലായ ഇടനിലക്കാരൻ രാജീവ് സക്സേന അന്വേഷണ ഏജൻസിക്കു മുൻപാകെ നൽകിയ മൊഴിയിൽ, പ്രമുഖ കോൺഗ്രസ്സ് നേതാക്കളുടെ പേര് വിവരമുള്ളതായി വെളിപ്പെടുത്തൽ. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ റാതുൽ പുരിയുടെ പേര് ഇതുമായി ബന്ധപ്പെട്ട് നേരത്തെതന്നെ വെളിച്ചത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ ബകുൽ നാഥ്, മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ സൽമാൻ ഖുർഷിദ്, അഹമ്മദ് പട്ടേൽ എന്നിവരുടെ പേരുകളും രാജീവ് സക്സേന തന്റെ മൊഴിയിൽ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. 2019 ൽ ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ച രാജീവ് സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം, ഇപ്പോൾ ജാമ്യത്തിലാണ്. അദ്ദേഹത്തിന്റെ 385 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ ഡി കണ്ടു കെട്ടിയിട്ടുമുണ്ട്. അതേ സമയം, അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ടവരാരുമായും തനിക്ക് ബന്ധമൊന്നുമില്ലെന്നും തന്റെ പേര് ഇതിൽ ഉയർന്നു വന്നത് അതിശയകരമാണെന്നും സൽമാൻ ഖുർഷിദ് പ്രതികരിച്ചു. തന്റെ അനന്തരവന്റെ ഇടപാടുകളുമായി ബന്ധമൊന്നുമില്ലെന്ന് കമൽനാഥും പ്രതികരിച്ചിട്ടുണ്ട്.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd